"എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള യഥാർത്ഥ അറിവ്- സോക്രട്ടീസ്"
അതി രാവിലെ കട്ടൻ ചായ മോന്തുന്നതിനിടയിൽ ഒരു ക്വോട്ട് പറഞ്ഞു സോക്രട്ടീസ് തിരിഞ്ഞു നോക്കി. എങ്ങനുണ്ടേന്ന ഭാവത്തിൽ പെണ്ണുമ്പിള്ളയെ നോക്കി പുരികം ചുളിച്ചു.
ഭാര്യ: "മനുഷ്യാ, കാലത്തെ തന്നെ ചിരവക്കു അടി മേടിക്കരുത് , പറഞ്ഞേക്കാം."
ഇളയ മകൻ : "ഡാഡ്, വെറുപ്പിക്കരുത് പ്ലീസ്.."
മൂത്ത മകൻ: "വൈ ഡോണ്ട് യൂ ചേഞ്ച് ദിസ് ക്ലീഷെ ലൈൻ, അച്ഛാ.."
അമ്മ: "നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നിന്നെയൊക്കെ ഉൺ…" പെട്ടന്നെന്തോ
ഓർത്ത പോലെ നിർത്തുന്നു.
അച്ഛൻ: "എണീച്ചു വല്ല പണിക്കും പോടാ ചെറുക്കാ. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ "
ഒരു പത്തഞ്ഞൂറു വർഷത്തിനു ശേഷം ജനിക്കാനിരിക്കുന്ന സോക്രട്ടീസിന്റെ നാത്തൂന്റെ കൊച്ചുമോളുടെ കുഞ്ഞമ്മേടെ വകയിൽ ഉള്ള ഏതോ ഒരു സന്തതി ടൈം ട്രാവെലിലൂടെ തിരിച്ചു വന്നു ബുക്ക് ഷെല്ഫിനു പുറകിൽ ഇതെല്ലം കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. കലിപ്പായി ഷെൽഫിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു പോയി “ഏതാ ഈ കിഴട്ടു കിളവൻ".
ഷെൽഫിൽ നിന്നും ഇലിയഡ് താഴെ വീണു. ആദ്യമായി അതെടുത്തു നോക്കിയ മൂത്ത മോൻ അച്ഛന്റെ നേരെ നോക്കി ഒന്ന് അമർത്തി മൂളിയ ശേഷം അതെടുത്തു തിരിച്ചു വച്ചു. അപ്പോൾ റേഡിയോയിൽ പ്രധാന വാർത്തകൾ കഴിഞ്ഞു ഗ്രീക്ക് ചീഫ് വിപ്പിന്റെ പ്രസംഗം കേൾപ്പിച്ചു തുടങ്ങിയിരുന്നു.
മീൻവൈൽ അനവധി പ്രകാശവർഷം അകലെ പാരല്ലെൽ യൂണിവേഴ്സിലെ ഏതോ ഒരു സമയ കാല മാനങ്ങളിൽ ഏകദേശം ഉച്ച തിരിഞ്ഞു മൂനര സമയത്ത് ശ്രീ ഐൻസ്റ്റീൻ ഒരു ക്വോട്ട് പറയാൻ തയാറെടുക്കുക ആയിരുന്നു.