Friday, 13 December 2013

ഓർമ മാത്രം

Death depicted with pulse rate


പതിയെ..
പതിയെ വളരെ പതിയെ കണ്ണുകള്‍ അടഞ്ഞു. അല്ലെങ്കില്‍ അങ്ങനെ തോന്നി. ചുറ്റും നിശബ്ദത തളം കെട്ടി നില്‍ക്കുന്നപോലെ. തിങ്ങി നിറഞ്ഞിരുന്ന ശബ്ദങ്ങളിൽ നിന്ന് പെട്ടെന്ന് ഒരു നിമിഷം കൊണ്ട് വിജനതയിലേക്ക് എടുത്തെറിയപ്പെട്ട പോലെ. വീര്‍പ്പു മുട്ടിച്ചിരുന്ന എന്തിലോക്കെയോ നിന്നും ഏകാന്തതയുടെ തടാകത്തിലേക്ക് മുങ്ങി താഴുന്നത് പോലെ.  

എവിടെ ആണിപ്പോൾ എന്നറിയില്ല. പക്ഷെ ഒന്ന് തീര്ച്ച ആണ്. എവിടെ ആയിരുന്നുവോ അവിടെ അല്ല ഇപ്പോൾ. അവസ്ഥയിൽ സ്വാഭാവിക പരിസ്ഥിതിയുമായുള്ള സംവേദനം സാധ്യമാകുന്നില്ല. അതുകൊണ്ട് തന്നെ സ്ഥലകാല ബോധം എന്നത് നഷ്ടപ്പെട്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങൾ മരവിച്ചുവോ. അതോ വേറെന്തെങ്കിലും.

അല്‍പ സമയത്തിനു ശേഷം കാര്യങ്ങള്‍ ഒന്ന് കൂടെ വ്യക്തമാവാന്‍ തുടങ്ങി. മുൻപു തോന്നിയത് പോലെ ഒന്നും അത്ര പെട്ടെന്നായിരുന്നില്ല സംഭവിച്ചത്.ചങ്ങല കണ്ണികൾ പോലെ ഒന്നിന് പിറകെ ഒന്നായി.. എനിക്കൊന്നും മനസ്സിലായിരുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.

തൊട്ടുമുന്‍പ് നടന്ന കാര്യങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞു വരുന്നു.

ഒരു വൃദ്ധന്‍റെ മുഖം. വല്ലാത്ത ഒരു ദേഷ്യത്തോടെ അയാള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു. നാവു ചെകിടിക്കും വരെ ചീത്ത പറയുന്ന ഒരു മനുഷ്യന്‍. അടുത്തുള്ളവര്‍ സംഭവമെന്തെന്നറിയാന്‍ എത്തി നോക്കുന്നു. മറ്റുള്ളവന്റെ സ്വകാര്യതയില്‍ തലയിടുന്നതിന്റെ സുഖം. താമസിയാതെ ഒരു ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. താഴെ ചിതറിക്കിടക്കുന്ന കുപ്പികള്‍ ശ്രദ്ധയില്‍ പെട്ടു. അവയില്‍ നിന്നും എനിക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഏതോ ഒരു വർണത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു. അയാളുടെ കയ്യില്‍ നിന്നു താഴെ വീണതാകണം. പക്ഷെ അയാള്‍ എന്തിനു എന്നെ ചീത്ത വിളിക്കണം. ഇടയിൽ ഓര്‍മ്മകള്‍ മുറിയുന്നു.

ഒരു അടച്ച മുറിയില്‍ ആണിപ്പോള്‍. വല്ലാത്ത ഒരു അസ്വസ്ഥത. എന്തു കൊണ്ടെന്നു ഓര്‍ക്കാനാവുന്നില്ല. ആ ചെറിയ മുറിയിലെ പകുതിക്ക് ഇട്ടിരുന്ന മേശക്കു അപ്പുറം ഒരു സുമുഖനായ വ്യക്തി സന്തോഷകരമല്ലാത്ത മുഖഭാവത്തോടെ എന്തോ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. മേശപ്പുറത്തെക്കു ശ്രദ്ധ പോയത് അപ്പോളാണ്. ഞാന്‍ നില്‍ക്കുന്നതൊരു ആശുപത്രിയിലാണോ? കേള്‍ക്കുന്നതെന്താണെന്നു ഓര്‍ക്കാന്‍ പറ്റുന്നില്ല. എന്തായാലും സുഖകരമാവാന്‍ ഇടയില്ല.. വന്നപ്പോള്‍ ഉണ്ടായിരുന്ന അസ്വസ്ഥത ഇരട്ടിയായിരിക്കുന്നു. എന്റെ മാനസിക നില തകരുന്നുവോ ? 

എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാന്‍ തോന്നുന്നു. ചിന്തകള്‍ ഒന്നിന് മേലെ മറ്റൊന്നായി.പടര്‍ന്നു കയറുന്നു. അവയുടെ നിഴലില്‍ ജീവിതം മറയുന്നു.

പതിയെ ഇറങ്ങി നടക്കാന്‍ ശ്രമിച്ചു. ഒരു നിയന്ത്രണം തോന്നിയില്ല. എതിരെ വന്ന ആരെയോ ചെന്നിടിച്ചു. ഓർമ മറഞ്ഞു.

ഇപ്പോള്‍ എല്ലാം ഏറെക്കുറെ വ്യക്തമായിരിക്കുന്നു.

വൃദ്ധന്റെ ശകാരം കേട്ട് നില്‍ക്കുമ്പോള്‍ മെല്ലെ ബോധം മറഞ്ഞു. പതിയെ , വളരെ പതിയെ കണ്ണുകള്‍ അടഞ്ഞു. പിന്നെ കുഴഞ്ഞു വീണിട്ടുണ്ടാവണം. അങ്ങനെ ആണല്ലോ കേട്ടിട്ടുള്ളത്. ഇപ്പോള്‍ എവിടെ ആണെന്നറിയില്ല. എന്നാലും ഈ ഓര്‍മ്മകള്‍ എന്നോടൊപ്പമുണ്ട്. എത്ര നേരത്തേക്ക് എന്നറിയില്ല.

ഇതാണോ എല്ലാത്തിന്റെയും അവസാനം. കെട്ടും കണ്ടും നല്ല പരിചയമുള്ള, എന്നാല്‍ അനുഭവിച്ചിട്ടില്ലാത്ത ആ ആത്യന്തികാവസ്ഥ. ആരോടെങ്കിലും ചോദിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ആരോടു? ഞാന്‍ ഇരുട്ടിലാണ്. കട്ട പിടിച്ച ഇരുട്ടിൽ. വീണ്ടും ഓര്‍മ്മകള്‍ മറയുന്നു. പതിയെ , വളരെ പതിയെ..


PS: മരണത്തിനു മുന്‍പ് 8 മിനിറ്റ് വരെ സംഭവിച്ച കാര്യങ്ങള്‍ മരണ ശേഷം ഓര്‍മയില്‍ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. എന്നാലും.