Friday, 5 December 2014

ക്വോട്ട്


"എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള യഥാർത്ഥ അറിവ്- സോക്രട്ടീസ്"



അതി രാവിലെ കട്ടൻ ചായ മോന്തുന്നതിനിടയിൽ ഒരു ക്വോട്ട് പറഞ്ഞു സോക്രട്ടീസ് തിരിഞ്ഞു നോക്കി. എങ്ങനുണ്ടേന്ന ഭാവത്തിൽ പെണ്ണുമ്പിള്ളയെ നോക്കി പുരികം ചുളിച്ചു.



ഭാര്യ: "മനുഷ്യാ, കാലത്തെ തന്നെ ചിരവക്കു അടി മേടിക്കരുത് , പറഞ്ഞേക്കാം."

ഇളയ മകൻ : "ഡാഡ്, വെറുപ്പിക്കരുത് പ്ലീസ്.."

മൂത്ത മകൻ: "വൈ ഡോണ്ട് യൂ ചേഞ്ച് ദിസ് ക്ലീഷെ ലൈൻ, അച്ഛാ.."

അമ്മ: "നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നിന്നെയൊക്കെ ഉൺ…പെട്ടന്നെന്തോ ഓർത്ത പോലെ നിർത്തുന്നു.

അച്ഛൻ: "എണീച്ചു വല്ല പണിക്കും പോടാ ചെറുക്കാ. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ "



ഒരു  പത്തഞ്ഞൂറു  വർഷത്തിനു ശേഷം ജനിക്കാനിരിക്കുന്ന സോക്രട്ടീസിന്റെ നാത്തൂന്റെ കൊച്ചുമോളുടെ കുഞ്ഞമ്മേടെ വകയിൽ ഉള്ള ഏതോ ഒരു സന്തതി ടൈം ട്രാവെലിലൂടെ തിരിച്ചു വന്നു ബുക്ക്‌ ഷെല്ഫിനു പുറകിൽ ഇതെല്ലം കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. കലിപ്പായി ഷെൽഫിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു പോയി  “ഏതാ കിഴട്ടു കിളവൻ".

ഷെൽഫിൽ നിന്നും ഇലിയഡ് താഴെ വീണുആദ്യമായി  അതെടുത്തു നോക്കിയ മൂത്ത മോൻ അച്ഛന്റെ നേരെ നോക്കി ഒന്ന് അമർത്തി മൂളിയ ശേഷം അതെടുത്തു തിരിച്ചു വച്ചു. അപ്പോൾ റേഡിയോയിൽ പ്രധാന വാർത്തകൾ കഴിഞ്ഞു ഗ്രീക്ക് ചീഫ് വിപ്പിന്റെ പ്രസംഗം കേൾപ്പിച്ചു തുടങ്ങിയിരുന്നു.





മീൻവൈൽ അനവധി പ്രകാശവർഷം അകലെ പാരല്ലെൽ യൂണിവേഴ്സിലെ ഏതോ ഒരു സമയ കാല മാനങ്ങളിൽ ഏകദേശം ഉച്ച തിരിഞ്ഞു മൂനര സമയത്ത് ശ്രീ ഐൻസ്റ്റീൻ ഒരു ക്വോട്ട് പറയാൻ തയാറെടുക്കുക  ആയിരുന്നു.

Friday, 9 May 2014

ആദി - മധ്യാ - ന്തം

Life in IT pictorial representation

"കഴിഞ്ഞ വർഷമായി ക്ലൈന്റ് അവാർഡ് തന്ന പ്രൊജെക്റ്റ് ആണ്പഠിക്കാൻ കുറെ അവസരങ്ങൾ ഉണ്ടാകുംവേണ്ടവിധം ഉപയോഗപ്പെടുത്തണം." പണ്ടൊരിക്കൽ അയാൾ പറഞ്ഞു.

ഒരു നവോന്മേഷതോടെ ഞാൻ പണി തുടങ്ങി..


"കൊള്ളാമല്ലോ താൻ.  കാര്യങ്ങൾ പെട്ടെന്ന് പിക്കപ്പ് ചെയ്യുന്നുണ്ടല്ലോ".. മൂന്നാം മാസത്തിൽ അയാൾ..

എനിക്കൊരു പ്രോത്സാഹനത്തിനു അത് മതിയായിരുന്നുഓഫീസിൽ ഇരിക്കുന്ന സമയം കൂടി.


"എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ടല്ലോ.., വെൽ ഡൺ മാൻആറാം മാസത്തിൽ അയാൾ.

വീണ്ടും ആവേശം.. കിടന്നുറങ്ങാൻ മാത്രമാണ് ഞാൻ ഇപ്പോൾ വീട്ടിൽ പോകാറുള്ളത്..


"ടാർഗെറ്റ്സ് എത്താൻ ഇനിയും നമ്മൾ ഒരുമിച്ചു കഷ്ടപ്പെടണം". ഒൻപതാം മാസത്തിൽ അയാൾ.

ആപ്പോൾ അതിന്റെ അർഥം മനസ്സിലായില്ലെങ്കിലും ക്രമേണ അതെനിക്ക് മനസ്സിലായി തുടങ്ങിനമ്മളോരുമിച്ചല്ല ഞാനൊറ്റക്ക് തന്നെ കഷ്ടപ്പെടണം.


വർഷാവസാന റിവ്യൂ മീറ്റിംഗിൽ അയാൾ പറഞ്ഞു "പ്രൊജക്റ്റ്‌ ഡെലിവറി ഡിലേ ആകുന്നുണ്ട്.. ഇപ്പോഴത്തേക്കു ഞാൻ നിനക്ക് മിനിമം റേറ്റിംഗ് തരുന്നുഇനിയുള്ള പെർഫോമൻസ് അനുസരിച്ച് അത് മെച്ചപ്പെടുത്താൻ നിനക്കാവും. "

അപ്പോഴും ഞാൻ പ്രതീക്ഷ കൈ വിട്ടില്ല.

പന്ത്രണ്ടാം മാസത്തിന്റെ അവസാന ആഴ്ചയിൽ എല്ലാവരും പുന പരിഷ്കരിക്കപ്പെട്ട ശമ്പളത്തിന്റെ  കണക്കുകൾ  എഴുന്നള്ളിച്ചു  തുടങ്ങിയപ്പോൾ  ഞാനും  നോക്കി.
ഒന്നും കാണാഞ്ഞു തിരക്കിയപ്പോൾ അയാൾ കനിവില്ലാത്ത സ്വരത്തിൽ ഒരു വിശദീകരണം തന്നു.. "നീഡ്‌ ഇംപ്രൂവ്മെന്റ്റ്". കൂടെ ഒരു ടാസ്ക് ലിസ്റ്റ് മെയിൽ ചെയ്യുന്നെന്നും..

ശനിയും ഞായറും നോക്കാതെ പണിയുന്നുണ്ട്.. എന്നിട്ടും അങ്ങേർക്കു വേണമത്രേ ഇംപ്രൂവ്മെന്റ്.   ത്ഫൂ..

പുതുതായി ഇൻബോക്സിൽ ഇടിച്ചിറങ്ങിയ മെയിൽ തുറന്നു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു ചവട്ടു കോട്ടയിൽ തള്ളി കമ്പ്യൂട്ടർ ഷട്ട് ഡൗണ്‍ ചെയ്തുഎന്നിട്ടു മെല്ലെ പുറത്തിറങ്ങി വാഷ്‌ റൂമിലേക്കു നടന്നു.

വാഷ് ബേസിനിൽ നിന്നുംരണ്ടു കയ്യിലും നിറയെ വെള്ളമെടുത്ത്  
മുഖത്തേക്കൊഴിച്ചിട്ടു നിവർന്നു നിന്നുകണ്ണാടിയിൽ കണ്ട തേജസ്സറ്റിയ, കണ്ണുകൾ ഉള്ളിലേക്കിറങ്ങിയ, വയറുന്തി തുടങ്ങിയ രൂപം എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ തോന്നി.. സന്ദര്‍ഭത്തിനു ഏറ്റവും അനുയോജ്യമായ ഒരു പുഛച്ചിരി..

Monday, 28 April 2014

ഒരു യാത്രയുടെ ഓർമക്ക്..

ഇപ്പോൾ ഇങ്ങനെ ഒരു വരവ് ഉണ്ടാവുമെന്ന് കരുതിയതല്ല .

ഏറെ നാളുകളായി ഉള്ളിൽ തോന്നിയിരുന്ന ആഗ്രഹം. പണ്ടു കൂടെ ഉണ്ടായിരുന്ന സുഹ്രുത്തുക്കളെ കണ്ടു മടങ്ങണം. ആഗ്രഹം മനസിന്റെ കോണിലെവിടെയോ ഒളിച്ചു കിടന്നിരുന്നു . ഇപ്പോഴത്തെ എന്റെ ഏകാന്തതകളെ സ്നിഗ്ധമാക്കുന്നതിൽ അക്കാലത്തിനുള്ള പങ്കു ചെറുതല്ല . കൂടെ വരാം എന്നേറ്റ സുഹ്രുത്തുക്കൾ അനിവാര്യമായ കാരണങ്ങളാൽ പിൻവാങ്ങിയപ്പോൾ പോകണ്ട എന്ന് തോന്നിയതാണ്. അപ്പോഴൊക്കെ ആ ഉൾവിളി വീണ്ടും ശക്തമായി ഉയര്ന്നിരുന്നു.

വർണങ്ങളുടെ ഉത്സവമായ ഹോളി വാരാന്ത്യം ലക്ഷ്യമാക്കി, ഈ ഉദ്യാന നഗരത്തിൽ നിന്ന് സ്വപ്ന നഗരിയിലേക്ക് യാത്ര പുറപ്പെടാൻ തീരുമാനിച്ചു . പോകുന്ന ദിവസം തികച്ചും അപ്രതീക്ഷിതമായി ഇവിടെ നിന്ന് ഒരു സുഹൃത്തും ഒപ്പം കൂടി . അന്നു ഒരു വെള്ളിയാഴ്ച ഞങ്ങൾ രണ്ടും യാത്ര പുറപ്പെട്ടു .

അല്പം നർമ സംഭാഷണങ്ങളും കളിതമാശകളും ഒക്കെയായി ബസ്സിൽ ഇരുന്നപ്പോൾ ആപ്പീസിൽ നിന്നും മുതലാളിയുടെ ഫോൺ . അവിടെ ചെയ്തു കൊണ്ടിരുന്ന പണി പാതി വഴിയിൽ ഇട്ടിട്ടു പോന്നതിനു കടുപ്പമുള്ള വാക്കുകളിൽ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട്. എന്തൊക്കെയോ സമാധാനം പറഞ്ഞു നിർത്തി . അൽപ സമയം ആശങ്കകളിലേക്ക് തള്ളി വിട്ടെങ്കിലും വീണ്ടും പഴയ മാനസികാവസ്ഥയിലേക്കു തിരിച്ചെത്തി. പട്ടണത്തിലൂടെ പായുന്ന ബസ് ഓവർ ബ്രിഡ്ജുകളിൽ നിന്നു ഓവർ ബ്രിഡ്ജുകളിലേക്കു സഞ്ചരിച്ചു.

ബസ്‌ പട്ടണം പിന്നിട്ടു . ഏതോ ഹൈവേയിലൂടെ ആണിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ബസിൽ സാമാന്യം വലിപ്പമുള്ള ഒരു എൽ സി ഡി സ്ക്രീൻ സ്ഥാപിച്ചിരുന്നു. അതിൽ ഒരു പുതുതായിറങ്ങിയ ഹിന്ദി സിനിമ. ആദ്യം അല്പം ശ്രദ്ധിച്ചു . താടിയും മീശയും കൊണ്ട് മാത്രം ഭീകരത തോന്നിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ഇടയിൽ പെട്ട് പോയ പെണ്‍കുട്ടിയെ രക്ഷിക്കുന്ന മസിൽമാൻ നായകനെ കണ്ടപ്പോളേ വെറുത്തു . പിന്നെ കാണാൻ താല്പര്യം തോന്നിയില്ല. സീറ്റ്‌ അല്പം പുറകോട്ടു ചരിച്ചുവച്ച് സുഖമാക്കി ഉറങ്ങാൻ തയാറായി. ചാരി കിടന്നു ബസിന്റെ കണ്ണാടിക്കു അഭിമുഖമായി മുഖം ചരിച്ചു വച്ച് പുറത്തോട്ട് നോക്കിയിരുന്നു. പാർശ്വത്തിൽ ഇരുന്ന സുഹൃത്ത്‌ ഏകദേശം മയക്കമായി. രാത്രിക്ക് ഇരുളിമ വര്ദ്ധിച്ചു വന്നു . നൂറ് കിലോമീറ്ററിനു മുകളിൽ പായുന്ന വണ്ടിയിലേക്ക് പാതയ്ക്ക് നടുവിലുള്ള വലിയ വഴിവിളക്കുകൾ ഇടവിട്ട്‌ വെളിച്ചം തെളിക്കുന്നു.

വിജനമായ വഴി . എന്തെങ്കിലും മനുഷ്യവാസം കിലോമീറ്ററുകൾ ഇടവിട്ട്‌ മാത്രം . വഴിയിൽ ഭൂരിഭാഗവും വലിയ വാഹനങ്ങൾ . കാറുകൾ ചുരുക്കം . . ഇരുചക്രവാഹനങ്ങൾ കാണാനേ ഇല്ല . . ഇടയ്ക്കിടയ്ക്ക് ടോൾ ബൂത്തുകളിൽ വണ്ടി പ്രവേശിച്ചുകൊണ്ടിരുന്നു . അപ്പോൾ മാത്രമാണ് ചുറ്റുപാടും പ്രകാശം നിറയുന്നത് . അല്ലാത്ത പക്ഷം ഇരുട്ട് മാത്രം . ഇരുട്ടിൽ നിന്നും ഉടലെടുക്കുന്ന
അനിവാര്യമായ ഏകാന്തത . പലപ്പോഴും പ്രതീക്ഷിക്കാതെ തന്നെ എകാന്തരാവാൻ വിധിക്കപ്പെടുന്നു നമ്മൾ . പക്ഷെ ഇതൊരു സുഖമുള്ള ഏകാന്തതയാണ് . ഓർമകളുടെ സുഗന്ധം നിറഞ്ഞത്‌ .

ഇപ്പോൾ ടോൾ ബൂത്തുകൾ കൂടി കാണാനില്ല . . നോക്കെത്താ ദൂരത്തോളം നേർ രേഖയിൽ നീണ്ടു കിടക്കുന്ന റോഡ്‌ മാത്രം . ഒരു കാലത്ത് ഇവിടെല്ലാം കൊടും കാട് ആയിരുന്നിരിക്കണം . വന്യ മൃഗങ്ങൾ സ്വൈര സഞ്ചാരം നടത്തിയിരുന്നവ . പിന്നീട് വെട്ടി തെളിച്ചു ചെറിയ ഇടവഴികൾ , അങ്ങനെ അവിടവിടെ മനുഷ്യ വാസ കേന്ദ്രങ്ങൾ. പിന്നെ വീണ്ടും പുരോഗതിയുടെ ഭാഗമായി വീണ്ടും വലിയ പാതകൾ, ഒടുവിൽ ഈ ഹൈവേ . അതോ ഇതൊന്നുമല്ലാതെ, സ്വചന്ദമായിരുന്ന ഒരു കൊടും കാടിനെ രണ്ടായി വെട്ടി മുറിച്ചു അതിന്റെ നടു മാറിലൂടെ കടന്നു പോകുന്നതോ ഈ പാത

ദീർഘദൂര ബസ്‌ യാത്രകൾ എന്നും പ്രിയപ്പെട്ടതാണ് . നേരത്തെ പറഞ്ഞ ഏകാന്തത തന്നെ കാരണം . ട്രെയിൻ യാത്രയുടെ രസം മറ്റൊന്നാണ് . അറിയുന്ന ആരും ഇല്ലെങ്കിലും ഒരിക്കലും വിരസത അനുഭവപ്പെടുന്നില്ല . ഒന്നുകിൽ ഇരുമ്പു ജനാല കമ്പികൾക്ക്‌ ഇടയിലൂടെ സുന്ദരമായ പ്രകൃതി ഭംഗി നോക്കിയിരിക്കാം , അല്ലെങ്കിൽ ചുറ്റുമുള്ള വ്യത്യസ്ത തരം ആളുകൾ , സരസമായ സംഭാഷണങ്ങൾ . . ഒരിക്കലും സ്വന്തം ചിന്തകളുമായി ഒതുങ്ങി കൂടാനാവില്ല അവിടെ . ബസ്‌ യാത്രകൾ നേരെ മറിച്ചും . സ്വന്തം ഓർമകളിൽ മേയുന്നതിനോ, ചിന്തകളിൽ കൂട് കൂട്ടുന്നതിനൊ, ആഗ്രഹങ്ങളിൽ മുങ്ങി താഴുന്നതിനൊ ആരും ഒന്നും തടസ്സമാകുന്നില്ല.

ബസിന്റെ വേഗത അല്പം കുറഞ്ഞു . . ഒരു കയറ്റം കയറുകയാണിപ്പോൾ . മുടിനാരു പോലുള്ള വളവുകൾ, അനുസരണയുള്ള ആനക്കുട്ടിയെപ്പോലെ തിരിഞ്ഞു കയറുകയാണ് വോൾവോ . മുകളിലോട്ടു അടുക്കും തോറും വേഗത കുറഞ്ഞു വരുന്നു . ഒരു വശത്ത് അഗാധമായ കൊക്കയാണ് . കൊക്കയുടെ മറുവശത്ത് കോടമഞ്ഞ്‌ പോലെ എന്തോ ഒരു പുകപടലം കാഴ്ചകളെ മറക്കുന്നു . കുന്നിന്റെ നെറുകയിൽ എത്തിയപ്പോൾ എഞ്ചിൻ മുരളൽ അവസാനിപ്പിച്ചു. എഞ്ചിനിൽ നിന്നും ഒരു ദീർഘനിശ്വാസം. വീണ്ടും അനായാസേന ഇറക്കം ഇറങ്ങി തുടങ്ങി. വളവുകൾ പഴയത് പോലെ തന്നെ. സൂക്ഷ്മതയോടെ വേഗം വളരെ കുറച്ചാണ് ഇറക്കം .

കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ച അവിസ്മരണീയം ആയിരുന്നു . ഉറക്കത്തിലേക്കു വീഴുന്ന ഒരു നഗരം. അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞു നഗരത്തിൽ പ്രവേശിക്കുന്ന പാത . . ഇങ്ങു മുകളിൽ നിന്ന് നോക്കുമ്പോൾ തീപ്പെട്ടികൂട് പോലെ നീങ്ങി നഗരത്തിൽ കടക്കുന്ന വാഹനങ്ങൾ . പ്രകാശിച്ചു നിൽക്കുന്ന അനവധി വൈദ്യുത ദീപങ്ങൾ, നഗരത്തിനു വെളിച്ചം കാണിക്കുന്ന ധാരാളം വഴി വിളക്കുകൾ, മറ്റസംഖ്യം വൈദ്യുത വിളക്കുകളും . ഒരു പകലിന്റെ ക്ഷീണം മുഴുവൻ ഉറങ്ങി തീർത്തു, നാളെ എന്ന പ്രതീക്ഷ മനസ്സിൽ താലോലിച്ചു അസ്തമിക്കുന്ന ഏതോ ഒരു ചെറുനഗരം . കുറെ നേരമായി വണ്ടി നിർത്താതെ ഓടുന്നു . മിക്കവാറും ഇന്നത്തെ യാത്രയിലെ അവസാന ഇടത്താവളം ആയിരിക്കാം ഇവിടെ . വളഞ്ഞു പുളഞ്ഞു ബസ്‌ ഇറക്കം ഇറങ്ങുന്നതിനിടയിൽ മനസ്സ് ഓർമകളിലേക്ക് വഴുതി വീണു . പിന്നെ മെല്ലെ ഉറക്കത്തിലേക്കും.

പണ്ടൊരിക്കൽ ഈ മഹാനഗരത്തിൽ കാലു കുത്തുമ്പോൾ ഒരുപാട് പ്രതീക്ഷകളുടെ ഭാരം ഉണ്ടായിരുന്നു . ഒരു പുതു ജീവിതത്തെക്കുറിച്ചുള്ള , ഇതുവരെ കാണാത്ത ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് , വിക്കി വിക്കി മാത്രം സംസാരിക്കാനവുന്ന ഒരു ഭാഷയെക്കുറിച്ച് , ജീവിതത്തിനു മൂർച്ച കൂട്ടാൻ കാത്തിരിക്കുന്ന പുതു വെല്ലുവിളികളെക്കുറിച്ച് . വെറുപ്പായിരുന്നു ആദ്യമൊക്കെ . ഈ നഗരത്തെ പ്രാകി ജീവിച്ച ആദ്യകാലം . പ്രതീക്ഷക്കൊത്തും അല്ലാതെയും പിന്നീടങ്ങ് മുന്നോട്ടു പോയി . വൈകാതെ ഒരു കൈക്കുടന്ന നിറയെ സുഹൃത്തുക്കളെയും കിട്ടി . അങ്ങനെ അത്യന്തം ആസ്വാദ്യകരമായി കടന്നു പോയ മൂന്ന് വർഷത്തിനു ശേഷം നിനച്ചിരിക്കാതെ ഒരു ദിവസം ട്രാൻസ്ഫർ .

ഇപ്പോൾ വീണ്ടും ഇവിടെ . ഒരു വർഷത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല . ഇവിടുള്ള കാലം മുഴുവൻ താമസിച്ച പഴയ ഒറ്റമുറി ഫ്ളാറ്റ് , മാസാവസാനം ആയാൽ മാത്രം വാങ്ങി കഴിച്ചിരുന്ന വടാപാവ് , എക്കാലവും പ്രിയപ്പെട്ട ഷെയർ ഓട്ടോകൾ , ഭൂരിഭാഗവും പാതയ്ക്ക് സമാന്തരമായി നിർമിച്ച പാളങ്ങളിൽ സാദാ സമയവും ചീറി പായുന്ന ലോക്കൽ ട്രെയിൻ , ലോക്കൽ ട്രെയിനുകളിൽ സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ , ലോക്കൽ യാത്രകൾ ആഘോഷമാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ , ഇവിടെ മാത്രം കാണാൻ കഴിയുന്ന ദ്രുതഗതിയിലുള്ളജീവിതം , എല്ലാം അങ്ങനെ തന്നെ ഉണ്ട് .

ബ്രിട്ടീഷുകാരൻ, അവന്റെ രാജാവിനെ സ്വീകരിക്കുവാൻ ഉണ്ടാക്കി വച്ച കവാടത്തിനു മുന്നിൽ കുറച്ചു സമയം ആദ്യം കാണുന്ന അതെ വിസ്മയത്തോടെ നിന്നു . അറബിക്കടലിലേക്ക് അഭിമുഖമായി തല ഉയർത്തി അതങ്ങനെ നിൽക്കുന്നു . മൂന്നു തീവ്രവാദ ആക്രമണങ്ങളെ ഈ സ്മാരകം അതിജീവിച്ചു . ഇന്നും ഇവിടുത്തെ ഏറ്റവും വലിയ വിനോദ ആകർഷണ കേന്ദ്രമായി ഇത് നിലകൊള്ളുന്നു . എതിർവശത്ത് സ്ഥിതി ചെയ്യുന്നു താജ് മഹൽ പാലസ് . വിശാലമായ ലോബിയിൽ ക്രമത്തിൽ നിരത്തിയിട്ട അലങ്കാരപ്പണി നിറഞ്ഞ കസേരകൾ , അവയെ അലങ്കരിക്കുന്ന വിലകൂടിയ കുഷ്യന്‍ . ഒരു പിടി ധവള വർണത്തിലുള്ള പുഷ്പങ്ങൾ അവിടമാകെ സൗരഭ്യം പ്രസരിപ്പിക്കുന്നു . ആഢ്യത്തം നിറഞ്ഞ അന്തരീക്ഷം . പിന്നിൽ ഒരു വിദേശ ജോടികൾ പരസ്പരം സ്നേഹചുംബനം കൈമാറി പിരിയുന്ന ദൃശ്യം .

മറൈൻ ഡ്രൈവ് . ഇവിടെ കാറ്റിനു സുഗന്ധമാണ് . മറ്റേ അറ്റം വരെ നിരന്നിരിക്കുന്നവരിൽ ആബാലവൃധം ജനങ്ങളും ഒരു സുന്ദരമായ സായാഹ്നം ആസ്വദിക്കുന്നു . മുന്നേ പാഞ്ഞു പോകുന്ന ഒരു രണ്ടു വയസ്സുകാരന്റെ പുറകെ പായുന്ന അമ്മ . പകൽ മുഴുവൻ ഒരു കുരങ്ങിനെ കളിപ്പിച്ചു ഉപജീവനം നടത്തുന്ന ഒരു നാടോടി കുടുംബം തളർന്നു മയങ്ങാൻ തയ്യാറെടുക്കുന്നു . പൊട്ടിച്ചിരികൾ വാനത്തിലേക്കെറിഞ്ഞു കുട്ടികൾ , യുവതീ യുവാക്കളുടെ സംഘങ്ങൾ പിന്നെ ഭൂരിപക്ഷവും കമിതാക്കൾ . അവർക്കിടയിൽ ഇടയ്ക്കിടെ ഫ്രഞ്ച് വിപ്ലവം ചൂട് പിടിക്കുന്നു . പ്രക്ഷുബ്ദമായ ഉൾക്കടലിൽ നിന്നും ഉപ്പിന്റെ അംശവും വഹിച്ചു വരുന്ന കടല്‍ക്കാറ്റ്‌ കരയിൽ നിൽക്കുന്നവർക്ക് പ്രസന്നമായ അന്തരീക്ഷം സമ്മാനിക്കുന്നു .സ്വസ്ഥമായ, നവചൈതന്യമാര്‍ജിക്കുന്ന ഒരു തീരം .

തിരിച്ചു ബസിൽ ഇരിക്കുമ്പോൾ ആലോചിച്ചു. എന്തിനു ഇവിടെ വന്നു ?
ഉള്ളു നിറയുന്ന സന്തോഷങ്ങൾക്കിടയിലും ഒരു നുള്ളു ദുഖം കൂടി ക്രിത്യമായി ഇഴ ചേർന്നിരുന്നു ഈ യാത്രയിൽ. വരേണ്ടിയിരുന്നുവോ ? വിധിയാണോ.. അതോ ? എന്തായാലും എനിക്കിവിടെ എന്തൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ . . അതിലുപരി ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ.

Friday, 7 March 2014

സഖി


അതെ, അവളാണ് എന്റെ ആദ്യ പ്രണയം. നീല മിഴികളും, ലോലമായ കവിളുകളും, നോക്കിലും ഭാവത്തിലും ഉണ്ടായിരുന്ന ശാലീനതയും എന്നെ ആദ്യ മാത്രയിൽ തന്നെ അവളിലേക്ക് അടുപ്പിച്ചു. കിളിക്കൊഞ്ചൽ പോലുള്ള അവളുടെ സ്വരം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അധികം താമസിയാതെതന്നെ അവൾ എന്നെന്നേക്കും എന്റെതായി മാറി.

ഒന്നിച്ചു ജീവിക്കാൻ തുടങ്ങി പല നാളുകളായെങ്കിലും അവളുടെ മനസ്സ് ഇന്നും എനിക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ല, ഒരുപക്ഷെ അത് എന്റെ മാത്രം കുറ്റമായിരിക്കാം. ജോലി തിരക്കിലും വീട്ടുകാര്യങ്ങളിലും ഏർപ്പെട്ടിരിക്കുമ്പോൾ അവൾക്കു വേണ്ട പ്രാമുഖ്യം നല്കിയിട്ടില്ല എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. എങ്കിലും ഉള്ളിലെ വ്യാകുലതകൾ അവളോട് പങ്കുവയ്ക്കുന്നത് എനിക്ക് വലിയ ആശ്വാസം പകർന്നിരുന്നു. മിക്കപ്പോളും അവൾ മാത്രമായിരുന്നു എന്റെ തുണ.

ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഓഫീസിൽ മീറ്റിംഗ് നടത്തുന്നതിനുള്ള ചുമതല എനിക്കാണ്. അവൾ എനിക്കൊപ്പം നിന്ന് വേണ്ട സഹായം തരും എന്ന് പൂർണബോധ്യം ഉണ്ട്. എങ്കിലും ഇന്ന് രാവിലെ നടന്ന ചെറിയ വഴക്കുകൾ ഞങ്ങൾ ഇരുവരെയും അല്പം അലട്ടിയിരുന്നു. പലപ്പോളും നടക്കാറുള്ളതുപോലെ ചെറിയ പിണക്കം ആയിരുന്നു ഇതും, എന്നാൽ അവസരത്തിനൊത്ത് ഉയരുന്ന സ്വഭാവഗുണം അവളുടെപ്രത്യേഗതയായിരുന്നു. ഇന്നത്തെ ദിവസവും അവളുടെ സഹായം ഉണ്ടാവും എന്ന് എനിക്ക് അറിയാമായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഒന്ന് രണ്ടു തവണ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ എന്റെ തിരക്ക് കാരണം അപ്പോഴൊക്കെ ഞാൻ അവളെ ഒഴിവാക്കിക്കൊണ്ടിരുന്നു .

കാറിനു പിൻസീറ്റിൽ ഒരുമിച്ചു യാത്രചെയ്തുകൊണ്ടിരുന്നപ്പോളും അവളോട് മിണ്ടിയില്ല, അതിലും അവൾക്ക് പരിഭവം ഉണ്ടായിരുന്നുപതിവിലും നേരത്തെ ഓഫീസിൽ എത്തേണ്ടി വന്ന എനിക്ക് അവിടെ ചെയ്യാൻ ആവശ്യത്തിൽ അധികം ജോലി ഉണ്ടായിരുന്നു. അപ്പൊളൊക്കെയും അവൾ വിളിക്കുന്നത് കണ്ടിരുന്നെങ്കിലും അത്ര അത്യാവശ്യകാര്യമാവില്ല എന്ന് കരുതി അവളെ ഞാൻ ഒഴിവാക്കി. അവളുടെ മുഖത്തുള്ള അമർഷവും സങ്കടവും എന്റെ ശ്രദ്ധയിൽപ്പെട്ടു, മുഖത്ത് ഒന്നു ചെറുതായി തലോടിയ ശേഷം ഞാൻ മീറ്റിങ്ങിനു നടന്നു. അവളുടെ പ്രാർത്ഥനയും സ്നേഹവും ആയിരുന്നു എന്റെ ആത്മധൈര്യം. ഇന്ന് മീറ്റിംഗ്ഉണ്ടായതിനാൽ രാവിലെ നേരത്തെ ഉണർത്തിയതും അവൾ തന്നെ. ഓരോ പ്രാവശ്യം അവളെ ഒഴിവാക്കുമ്പൊളും മനസ്സിൽ കുറ്റബോധം കൂടികൂടി വരുന്നുണ്ടായിരുന്നു.
ചടങ്ങ് ആരംഭിച്ചു മാനേജറും, വൈസ് പ്രസിഡന്റും പല വീരവാദങ്ങളും വാരി വിതറി ചടങ്ങ് കൊഴുപ്പിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം സ്വസ്ഥതയോടെ ഇരുന്നെങ്കിലും അവൾ എന്നെ കാലിൽ സ്പർശിച്ചുകൊണ്ട് എന്തോ പറയാൻകൊതിച്ചു. അവളോട് ഒന്നും മിണ്ടാനോ ആശ്വസിപ്പിക്കാനോ എനിക്ക് ആയില്ല. തൊട്ടുരുമ്മി ഇരുന്നെങ്കിലും ഒന്നും ഉരിയാടാനായില്ല. എല്ലാം അവൾ കാണുന്നുണ്ടായിരുന്നു, എന്നെ അവളോളം അറിയാവുന്ന മറ്റൊരാളും ലോകത്തില്ല.

എന്നാൽ മീറ്റിംഗ് കഴിഞ്ഞ ശേഷം കുറച്ചു സമയമായി അവളെ കാണാനില്ലഎവിടെ പോയിരിക്കും? ഇനി രാവിലെ നടന്ന സംഭവങ്ങൾ അവളെ ഉലച്ചിരിക്കുമോ? സങ്കടത്തിൽ എന്തെങ്കിലും? ഇനി ഇപ്പൊ എന്തെങ്കിലും സംഭവിച്ചിരിക്കുമോ? ഉള്ളിൽ ഭയം നിറഞ്ഞ ഒരു തീ കോരിയിട്ടുകൊണ്ട് അവൾ എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായിരിക്കുന്നു. അവളെ തിരഞ്ഞു ദിവസം മുഴുവനും ഞാൻ അലഞ്ഞു. പലരോടും തിരക്കി, ആരും കണ്ടിട്ടില്ല, അടുത്തിടയ്ക്ക് വായിച്ച പല പത്രവാർത്തകളും എന്റെ മനസ്സിലൂടെ കടന്നു പോയി, അതെല്ലാം എന്റെ ഭയം ഇരട്ടിപ്പിച്ചു.

കൂട്ടുകാർ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറ്റബോധവും, സങ്കടവും, ഭയവും കാരണം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ലഅവളുമായുള്ള പല സ്മരണകളും ഉള്ളിലൂടെ കടന്നു പോയികൊണ്ടേ ഇരുന്നു, നീല മിഴികളും, ലോലമായ കവിളുകളും, ഒരു വിരൽ സ്പർശത്തിൽ തെന്നി മാറുന്ന ഭാവങ്ങളും, കിളിക്കൊഞ്ചൽ പോലുള്ള സ്വരവും, അവളിലൂടെ ഞാൻ തിരിച്ചറിഞ്ഞ എന്റെ സുന്ദരമായ ലോകവും, പിന്നെ 41 മെഗാ പിക്സെൽ ക്യാമറയും, അങ്ങനെ അങ്ങനെഎന്റെ ഏകാന്തമായിരുന്ന ഓർമകളുടെ വീഥിയിൽ ഒരു പുതുവസന്തം  തീർത്ത അവളാണെന്റെ നോക്കിയ ലുമിയ 1020.